തുടക്കം (ഭാഗം 2)

വീട്ടിൽ നിന്ന് വെറും 8 കിലോമീറ്റർ അകലെ തിരുവങ്കോട് മൂന്നോളം സിനിമ തീയേറ്റേഴ്സ് ഉണ്ടായിട്ടും ആദ്യമായി ഞാൻ തിയേറ്ററിൽ പോയി ഒരു സിനിമ കാണുന്നത് 20 വയസ്സിന് ശേഷമാണ്. വിശ്വസിക്കാൻ അല്പം പ്രയാസം കാണും. 20 വയസ്സ് വരെ ഒരു തവണ പോലും തിയേറ്ററിൽ പോകാത്ത ആരെങ്കിലും ഉണ്ടാവുമോ അല്ലെ? പക്ഷെ ഞാൻ ഒരിക്കലും പോകില്ല എന്ന് ഉറപ്പിച്ചതായിരുന്നു, എല്ലാം അവൻ തിരുത്തി. ഇംതിയാസ് മാലിക്, ഫ്രം സിർനഗർ. ടൈപ്പിങ് മിസ്റ്റേക്ക് അല്ല. ശ്രീനഗർ എന്ന് നമ്മെളെല്ലാം പറയുന്ന ജമ്മു-കാശ്മീർ തലസ്ഥാനം കാശ്മീരികളുടെ വായിൽ സിർനഗർ ആണ്.

പറഞ്ഞു വരുന്നത്, നല്ലൊരു സുഹൃത്തിന് നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കഴിയും. ജീവിതത്തോടുള്ള നമ്മുടെ കാഴ്ചപ്പാടും നാം ഓരോരുത്തരും ഈ ചെറിയ ലൈഫിൽ എന്തെല്ലാം ചെയ്യുന്നു, ഓരോ നിമിഷവും എങ്ങനെ ചെലവഴിക്കുന്നു എന്നതെല്ലാം വിലയിരുത്താൻ
ഒരുപക്ഷെ എൻ്റെ കഥക്ക് കഴിയും. ജീവിതത്തിൽ ഒരിക്കലും ചെയ്യാൻ സാധ്യതയില്ലാത്ത പലതും നല്ലൊരു സുഹൃത്ത് ഉണ്ടെങ്കിൽ ചെയ്യാൻ കഴിയും. നമുക്ക് കഴിയില്ല എന്ന് കരുതുന്ന പലതും നല്ലൊരു സുഹൃത്തിൻറെ സപ്പോർട് ഉണ്ടെങ്കിൽ നിസ്സാരമാണെന്ന് എൻ്റെ അനുഭവം എന്നെ പഠിപ്പിച്ചു. ജീവിതത്തിൽ ആദ്യമായി ഇരുപത്തൊന്നാം വയസ്സിൽ തിയേറ്ററിൽ സിനിമക്ക് പോയത് പോലെ.

തിയേറ്ററിൽ പോയി സിനിമ കാണുന്നത് ഹറാമാണ്, തെറ്റാണ് എന്നൊക്കെ തെറ്റിദ്ധരിപ്പിച്ച ഒരു കുട്ടിക്കാലം ഉള്ളത്കൊണ്ട് മാത്രമല്ല, പലരും സിനിമക്ക് പോകുന്നത് വീട്ടുകാരോട് കള്ളം പറഞ്ഞും ക്‌ളാസ് കട്ട് ചെയ്തുമൊക്കെ ആണെന്ന് മനസിലായ എനിക്ക് തോന്നി അത് ശരിയല്ല എന്ന്. മാത്രമല്ല, അച്ഛൻ അമ്മയെയും മക്കളെയും കൊണ്ട് സിനിമക്ക് പോകുന്നത് ഞാൻ സിനിമയിലെ കണ്ടിട്ടുള്ളു.  ഞാൻ ജനിച്ചു വളർന്ന നാടും ചുറ്റുപാടും എനിക്ക് അത് കാണിച്ചു തന്നിട്ടില്ല.

പ്ലസ്ടുവിൽ പഠിക്കുന്ന സമയത്ത് കൂടെ ഉണ്ടായിരുന്ന അധികപേരും സിനിമക്ക് പോകുമായിരുന്നു. അന്ന് പോകാൻ തോന്നിയില്ല.അന്ന് ഉറപ്പിച്ചതായിരുന്നു ഇനി ഒരിക്കലും പോകില്ല എന്ന്. പക്ഷെ ആ തീരുമാനത്തിന് 4 വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു. എന്ന് കരുതി കണ്ണിക്കണ്ട സിനിമക്ക് മുഴുവൻ പോയിട്ടില്ല. വളരെ സെലെക്ടിവ് ആയി, ബിഗ് ബഡ്ജറ്റ് സിനിമകൾ ആയ 6-7 സിനിമകൾ മാത്രം. കൂടെ ഉണ്ടായിരുന്നത് ഇംതിയാസ് ആയിരുന്നത് കൊണ്ട് എല്ലാം ബോളിവുഡ്. ഷാരുഖാൻ, ആമിർഖാൻ, ഹൃതിക്ക്‌റോഷൻ, സൽമാൻ ഖാൻ തുടങ്ങിയവരുടെ മാത്രം.

ഒന്നുരണ്ട് മണിക്കൂർ ഇരുന്ന് കാണേണ്ടത് കൊണ്ട് ഇന്നും വളരെ ഹിറ്റായ സിനിമകൾ മാത്രമേ കാണാറുള്ളു. ഏതെങ്കിലും തരത്തിലുള്ള അറിവ് പകരുന്ന, പ്രചോദനം നൽകുന്ന, ജീവിതത്തിലെ യാഥാർഥ്യങ്ങളെ തുറന്നു കാട്ടുന്ന സിനിമകൾ യൂട്യൂബിൽ ഇരുന്ന് കാണാറാണ് ഇപ്പോഴും പതിവ്. അതാവുമ്പോ നമ്മുടെ സൗകര്യത്തിന് ഇരുന്നു കാണാം. ക്യൂ നിൽക്കേണ്ട, ടിക്കറ്റ് എടുക്കണ്ട, ഒരുപാടു സമയം പാഴാക്കണ്ട, ആരെയും നിർബന്ധിച്ചു കൂടെ കൊണ്ടുപോവണ്ട. ശരിയല്ലേ?

(തുടരും)


Comments

Popular posts from this blog

തുടക്കം (ഭാഗം 1)